Saturday, July 14, 2012

സ്നേഹദാനത്തില്‍ സ്വാതിക്ക് ശസ്ത്രക്രിയ


കൊച്ചി/പിറവം: ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും കാണാമറയത്തുള്ള നൂറുകണക്കിനാളുകളുടെയും സ്നേഹം കണ്ണിചേര്‍ന്നപ്പോള്‍ സ്വാതിയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ദൗത്യം ആരംഭിച്ചു. മഞ്ഞപ്പിത്തം മൂര്‍ഛിച്ച് ജീവന്‍ അപകടത്തിലായ ഈ പതിനേഴുകാരിയുടെ കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വെള്ളിയാഴ്ച പകല്‍ മൂന്നോടെ ഇടപ്പള്ളി അമൃതാ ആശുപത്രിയില്‍ തുടങ്ങി.
 മെഡിക്കല്‍ ബോര്‍ഡ് കോട്ടയത്ത് അടിയന്തര യോഗം ചേര്‍ന്നാണ് അവയവദാനത്തിന് അനുമതി നല്‍കിയത്.ശസ്ത്രക്രിയ 12 മണിക്കൂറെങ്കിലും നീണ്ടുനില്‍ക്കുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. സ്വാതിയുടെ അമ്മയുടെ അനുജത്തി റെയ്നിയുടെ കരളാണ് മാറ്റിവയ്ക്കുന്നത്. എടയ്ക്കാട്ടുവയല്‍ വട്ടപ്പാറ മാങ്ങാടത്തുമൂഴിയില്‍ കൃഷ്ണന്‍കുട്ടിയുടെയും രാജിയുടെയും രണ്ടാമത്തെ മകളും പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുമായ സ്വാതിക്ക് മൂന്നാഴ്ച മുമ്പാണ് അസുഖം കണ്ടുതുടങ്ങിയത്. മഞ്ഞപ്പിത്തം മൂര്‍ഛിച്ചതോടെ കരള്‍ മാറ്റിവയ്ക്കലല്ലാതെ മറ്റു വഴിയില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. അതോടെ പണംകണ്ടെത്താനുള്ള ഓട്ടത്തിലായിരുന്നു ബന്ധുക്കളും അധ്യാപകരും സുഹൃത്തുക്കളും. പിറവം എംകെഎം സ്കൂളിലെ സഹപാഠികളും അധ്യാപകരും ഫെയ്സ്ബുക്ക് കൂട്ടായ്മ വഴിയും മറ്റുമായി ആറരലക്ഷം രൂപയോളം സമാഹരിച്ചു. എന്നാല്‍, അവയവദാനം സംബന്ധിച്ച നിയമത്തിന്റെ നൂലാമാലകള്‍ പ്രതിബന്ധമായി. കരള്‍ ദാനം ചെയ്യുന്ന റെയ്നിയും സ്വീകരിക്കുന്ന സ്വാതിയും വ്യത്യസ്ത ജില്ലക്കാരായതിനാല്‍ രണ്ടു ജില്ലകളിലെയും കലക്ടര്‍മാരുടെ അനുമതി വേണ്ടിയിരുന്നു. ഇതാണ് നടപടികള്‍ വൈകിച്ചത്.
 വെള്ളിയാഴ്ച കോട്ടയം മെഡിക്കല്‍ കോളേജില്‍ ചേര്‍ന്ന മെഡിക്കല്‍ ബോര്‍ഡിന്റെ അടിയന്തരയോഗം അനുമതി നല്‍കിയതോടെയാണ് ശസ്ത്രക്രിയക്ക് അവസരമൊരുങ്ങിയത്. പലവഴിക്ക് ശേഖരിച്ച 14 ലക്ഷം രൂപയോളം ആശുപത്രിയില്‍ അടച്ചശേഷമാണ് ശസ്ത്രക്രിയ തുടങ്ങിയത്. ഗ്യാസ്ട്രോ സര്‍ജറി വിഭാഗം മേധാവി ഡോ. സുധീന്ദ്രനാണ് നേതൃത്വം നല്‍കുന്നത്. കേരളത്തില്‍ ആദ്യ കരള്‍മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയത് ഇദ്ദേഹമാണ്. വെളിയനാട് സെന്റ് പോള്‍സ് എച്ച്എസില്‍നിന്ന് എല്ലാ വിഷയത്തിനും എ പ്ലസ് നേടിയാണ് സ്വാതി പത്താംക്ലാസ് പാസായത്. കവിതാരചനയില്‍ മൂന്നുവര്‍ഷം തുടര്‍ച്ചയായി ജില്ലസംസ്ഥാനതലങ്ങളില്‍ സമ്മാനാര്‍ഹയാണ്. ശസ്ത്രക്രിയക്കുശേഷം പ്രതിമാസം 8000 രൂപയോളം തുടര്‍ചികിത്സയ്ക്ക് വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. 

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ പോസ്റ്റ്‌ ചെയ്യുക.

കമന്റുകള്‍

മലയാളം ടൈപ്പിംഗ്

മംഗ്ലീഷില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ടൈപ്പ് ചെയ്ത ശേഷം അവ കോപ്പി ചെയ്ത് കമെന്റ് ബോക്സിലോ മെയില്‍ ബോക്സിലോ നിങ്ങള്‍ ആഗ്രഹിക്കുന്ന സ്ഥലത്ത് പോസ്റ്റ്‌ ചെയ്യുക.

NSS CAMP - Silent Valey National Park

ജനപ്രിയ പോസ്റ്റുകള്‍‌