Friday, July 13, 2012

ഈ ജീവന്‍ കേഴുന്നു... കൈയൊപ്പുകള്‍ക്കായി...


കൊച്ചി: ഇടപ്പള്ളി അമൃത ആശുപത്രിയിലെ ഇന്റന്‍സീവ് കെയര്‍ യൂണിറ്റിലെ നനുത്ത തണുപ്പില്‍ സ്വാതികൃഷ്ണ അബോധാവസ്ഥയില്‍ കിടക്കാന്‍ തുടങ്ങിയിട്ട് അഞ്ച് ദിനരാത്രം പിന്നിട്ടു. കൂട്ടിന് ആയിരങ്ങളുടെ പ്രാര്‍ത്ഥനയുണ്ടെങ്കിലും പിന്നിടുന്ന ഓരോ നിമിഷവും അവള്‍ക്ക് നിര്‍ണായകമാണ്.
സംസ്ഥാന ആരോഗ്യവകുപ്പ് സെക്രട്ടറിയുടെ ഒരു ഒപ്പു വേണം ഈ പെണ്‍കുട്ടിയുടെ ജീവതാളം നിലനിറുത്താന്‍. അതിനുള്ള നെട്ടോട്ടത്തിലാണ് സ്വാതിയുടെ ബന്ധുക്കളും അധ്യാപകരും സഹപാഠികളും. രണ്ട് ജില്ലകളിലെ വിവിധ സര്‍ക്കാര്‍ ഓഫീസുകള്‍ പിന്നിട്ട് ഔദ്യോഗിക രേഖകള്‍ സംഘടിപ്പിക്കാനുള്ള നെട്ടോട്ടം. പ്രവര്‍ത്തനം നിലച്ച കരള്‍ എത്രയും വേഗം മാറ്റിവച്ചെങ്കിലേ ഇനി അവള്‍ക്ക് ജീവിക്കാന്‍ കഴിയൂ. അതിന് 20 ലക്ഷത്തോളം രൂപ വേണം. ഒരു രൂപയ്ക്ക് ഗതിയില്ലാത്ത കുടുംബത്തിന് ഇപ്പോള്‍ പണം ഒരു പ്രശ്നമേയല്ല. സമയത്തിനൊത്തുയര്‍ന്ന നാട്ടുകാര്‍ അതെല്ലാം സ്വരുക്കൂട്ടി. ഏഴ് ലക്ഷം രൂപ അവര്‍ ഏതാനും ദിവസം കൊണ്ട് സ്വരൂപിച്ചു. പുറമേ, കഴിഞ്ഞ രണ്ട് ദിവസം കൊണ്ട് ഫേസ് ബുക്ക് വഴി ബാങ്ക് അക്കൌണ്ടിലേക്ക് വന്നത് രണ്ട് ലക്ഷത്തോളം രൂപയാണ്.
മാറ്റിവയ്ക്കാനുള്ള കരള്‍ സ്വാതിയുടെ ചെറിയമ്മ നല്‍കും. ഹൃദ്രോഗിയായ അമ്മ രാജിയാണ് കരള്‍ദാനത്തിന് ആദ്യം ഒരുങ്ങിയത്. പക്ഷേ, ആരോഗ്യസ്ഥിതി തടസമായി. പിന്നെ ചെറിയമ്മ മുന്നോട്ടുവന്നു. എല്ലാ പരിശോധനയും തൃപ്തികരമാണ്. ഇനി ശസ്ത്രക്രിയ നടത്തിയാല്‍ മാത്രം മതി. പക്ഷേ അതിനുള്ള നിയമതടസങ്ങളാണ് തീര്‍ത്തും മാനുഷികമല്ലാത്ത പ്രതിബന്ധങ്ങളുയര്‍ത്തി നില്‍ക്കുന്നത്. 
എറണാകുളം ജില്ലയിലെ എടയ്ക്കാട്ടുവയല്‍ വട്ടപ്പാറ മങ്കടത്തു മൂഴിയില്‍ കൃഷ്ണന്‍കുട്ടിയുടെയും രാജിയുടെയും ഇളയ മകളാണ് സ്വാതി കൃഷ്ണ എന്ന പതിനേഴുകാരി. സ്വാതി എറണാകുളം ജില്ലക്കാരിയും ചെറിയമ്മ ഇടുക്കി ജില്ലക്കാരിയുമാണ്. അതുകൊണ്ട് തന്നെ രണ്ട് ജില്ലകളില്‍ ഒരുപോലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണം. വില്ലേജ് ഓഫീസ് തുടങ്ങി പൊലീസ് സ്റ്റേഷന്‍ വരെ നീളുന്ന പതിനഞ്ചോളം സര്‍ട്ടിഫിക്കറ്റുകളാണ് വേണ്ടത്. 
അവയവദാനം സംബന്ധിച്ച കേന്ദ്രനിയമമനുസരിച്ച് 'ഫസ്റ്റ് റിലേഷന്‍'- അതായത് മാതാപിതാക്കളില്‍ നിന്നും സഹോദരങ്ങളില്‍നിന്നും മാത്രമേ മുന്‍കൂട്ടി സര്‍ക്കാര്‍ അനുമതികൂടാതെ അവയവങ്ങള്‍ സ്വീകരിക്കാവൂ. വേറെ കുടുംബാംഗത്തില്‍ നിന്നായാല്‍ കൂടി നിരവധി അനുമതി പത്രങ്ങള്‍ സംഘടിപ്പിച്ച് ആരോഗ്യവകുപ്പിലെ പ്രത്യേക സമിതി അംഗീകരിച്ച് ആരോഗ്യവകുപ്പ് സെക്രട്ടറിയുടെ ഒപ്പും വാങ്ങണം. ദാതാവും സ്വീകര്‍ത്താവും സമിതിക്ക് മുന്നില്‍ നേരിട്ട് ഹാജരാകണം. ഇതിനെല്ലാം കുറഞ്ഞത് ഒരു മാസമെങ്കിലും വേണം. വൃക്ക പോലുള്ള മറ്റ് അവയവങ്ങള്‍ മാറ്റിവയ്ക്കുന്ന ഘട്ടങ്ങളില്‍ ഇതൊക്കെ സാധ്യമാകും. പക്ഷേ കരള്‍രോഗമാണെങ്കില്‍ പ്രവര്‍ത്തനം അവതാളത്തിലായാല്‍ എത്രയും വേഗം മാറ്റിവയ്ക്കണം. സ്വാതിയെ പോലുള്ള ഫസ്റ്റ് റിലേഷന്‍ ദാതാവില്ലാത്ത കരള്‍ രോഗികളുടെ അവസ്ഥയാണ് പരിതാപകരമാവുക. 
സ്വാതിയുടെ മാതാപിതാക്കള്‍ ഈ കഷ്ടപ്പാടിനിടയിലും ബുധനാഴ്ച പുലര്‍ച്ചെ തിരുവനന്തപുരത്ത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വസതിയിലെത്തി അദ്ദേഹത്തിന്റെ കനിവുതേടി. സ്വാതിയുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ഇന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിന്റെ നേതൃത്വത്തില്‍ കോട്ടയത്ത് പ്രത്യേകസമിതി ചേരുന്നുണ്ട്. സമിതി അംഗീകരിച്ചാല്‍ അതുമായി ഒരുസംഘം തിരുവനന്തപുരത്തേക്ക് പായും, ആരോഗ്യവകുപ്പ് സെക്രട്ടറിയുടെ അന്തിമ അനുമതിക്കായി. അതുകിട്ടും വരെ സ്വാതിയുടെ ജീവനു വേണ്ടി നമുക്കും പ്രാര്‍ത്ഥിക്കാം.

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ പോസ്റ്റ്‌ ചെയ്യുക.

കമന്റുകള്‍

മലയാളം ടൈപ്പിംഗ്

മംഗ്ലീഷില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ടൈപ്പ് ചെയ്ത ശേഷം അവ കോപ്പി ചെയ്ത് കമെന്റ് ബോക്സിലോ മെയില്‍ ബോക്സിലോ നിങ്ങള്‍ ആഗ്രഹിക്കുന്ന സ്ഥലത്ത് പോസ്റ്റ്‌ ചെയ്യുക.

NSS CAMP - Silent Valey National Park

ജനപ്രിയ പോസ്റ്റുകള്‍‌