Thursday, July 19, 2012

സ്വാതി ആവശ്യപ്പെട്ടു; ചോക്‌ലേറ്റും പുസ്തകങ്ങളുമെത്തി

Mathrubhumiകൊച്ചി: 'അച്ചായീ... എനിക്ക് കിറ്റ്കാറ്റ് വേണം'. അമൃത ആസ്​പത്രിയിലെ ഐ.സി.യു.വിലുള്ള ഇന്റര്‍കോമിലൂടെ സ്വാതി അച്ഛനോട് ദിവസങ്ങള്‍ക്കുശേഷം ആദ്യമായി സംസാരിച്ചപ്പോള്‍ ആവശ്യപ്പെട്ടത് ഇതായിരുന്നു. പതിഞ്ഞതാണെങ്കിലും വ്യക്തമായ ശബ്ദത്തില്‍ മകളുടെ ആവശ്യം കേട്ടപ്പോള്‍ അച്ഛന്‍ കൃഷ്ണന്‍കുട്ടിയുടെ കണ്ണുകള്‍ ഈറനണിഞ്ഞു. ഉടന്‍ മകളുടെ ഇഷ്ടപ്പെട്ട ചോക്‌ലേറ്റ് വാങ്ങിയെത്തി.

ബുധനാഴ്ച രാത്രി 7.30-ഓടെയായിരുന്നു കൃഷ്ണന്‍കുട്ടിക്ക് മകളുമായി സംസാരിക്കാന്‍ അവസരം ഒരുങ്ങിയത്. ഒപ്പമുണ്ടായിരുന്ന ഇളയച്ഛന്‍ സതീഷുമായും കുട്ടി സംസാരിച്ചു. വായിക്കാന്‍ പുസ്തകങ്ങളും സ്വാതി ആവശ്യപ്പെട്ടിരുന്നു. അതനുസരിച്ച് കുറച്ച് പുസ്തകങ്ങളും സ്വാതിയുടെ അടുത്ത് എത്തിച്ചു.

സ്വാതിയുടെ നിലയില്‍ ആശാവഹമായ പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ശസ്ത്രക്രിയ കഴിഞ്ഞ് അഞ്ചാം ദിവസം ചെറിയ രീതിയിലുള്ള വ്യായാമവും സ്വാതി ചെയ്തുതുടങ്ങി. ശ്വാസോച്ഛ്വാസം സുഗമമായി നടത്താനുള്ള വ്യായാമവും മസ്സിലുകള്‍ക്ക് ശക്തി പകരാനുള്ള വ്യായാമവുമാണ് ചെയ്യുന്നത്. എട്ടുദിവസം അബോധാവസ്ഥയില്‍ കഴിഞ്ഞ സ്വാതി രണ്ടു ദിവസം മുന്‍പാണ് കണ്ണുതുറന്നത്. അതേസമയം ക്ഷീണം ഉള്ളതുകൊണ്ട് സ്വയം എഴുന്നേറ്റു നില്‍ക്കാന്‍ ബുദ്ധിമുട്ടുണ്ട്. രണ്ടാഴ്ചയായി കുട്ടി ഭക്ഷണം കഴിച്ചിട്ട്. അതുകൊണ്ട് ഉയര്‍ന്ന പ്രോട്ടീനുള്ള ഭക്ഷണമാണ് നല്‍കുന്നത്. അണുബാധയെക്കുറിച്ച് ആശങ്ക നിലനില്‍ക്കുന്നതിനാല്‍ ഭക്ഷണകാര്യത്തിലും ജാഗ്രത പുലര്‍ത്തുന്നുണ്ട്. 
വെന്റിലേറ്ററില്‍ നിന്ന് സ്വാതിയെ ഇറക്കിയിട്ട് രണ്ടു ദിവസം പിന്നിട്ടു. മൂത്രത്തിന്റെ അളവ് സാധാരണ രീതിയിലാണ്. നെഞ്ചിന്റെ എക്‌സ്‌റേ എടുത്തതില്‍ പ്രശ്‌നങ്ങളില്ല. കരളിന്റെ പ്രവര്‍ത്തനത്തിലും ഡോക്ടര്‍മാര്‍ തൃപ്തി രേഖപ്പെടുത്തി. സ്വാതിയുടെ മസ്തിഷ്‌ക പ്രവര്‍ത്തനത്തിലും പുരോഗതിയുണ്ട്. നല്ല രീതിയില്‍ പ്രതികരിക്കുകയും അല്പം സംസാരിക്കുകയും ചെയ്യുന്നുണ്ട്. ചലനശേഷിയും മെച്ചപ്പെട്ടുവരുന്നതായി ആസ്​പത്രി അധികൃതര്‍ അറിയിച്ചു. അതേസമയം സ്വാതിക്ക് കരള്‍ ദാനം ചെയ്ത ഇളയമ്മ റെയ്‌നി ജോയിയെ വാര്‍ഡിലേക്ക് മാറ്റി. റെയ്‌നിക്ക് വെള്ളിയാഴ്ച ആസ്​പത്രി വിടാന്‍ കഴിയും.

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ പോസ്റ്റ്‌ ചെയ്യുക.

കമന്റുകള്‍

മലയാളം ടൈപ്പിംഗ്

മംഗ്ലീഷില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ടൈപ്പ് ചെയ്ത ശേഷം അവ കോപ്പി ചെയ്ത് കമെന്റ് ബോക്സിലോ മെയില്‍ ബോക്സിലോ നിങ്ങള്‍ ആഗ്രഹിക്കുന്ന സ്ഥലത്ത് പോസ്റ്റ്‌ ചെയ്യുക.

NSS CAMP - Silent Valey National Park

ജനപ്രിയ പോസ്റ്റുകള്‍‌