Saturday, July 14, 2012

കരള്‍ മാറി ജീവിതത്തിലേക്ക് ഉണരാന്‍ സ്വാതി...


കൊച്ചി: മഞ്ഞപ്പിത്തം മൂലം കരള്‍ തകര്‍ന്ന സ്വാതി കൃഷ്ണ എന്ന പെണ്‍കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ മനുഷ്യ സ്നേഹത്തിന്റെ ആര്‍ദ്രതയില്‍ ഒരു നാട് മൊത്തം അണിനിരന്നപ്പോള്‍ നിയമത്തിനും കരളലിഞ്ഞു. നാട്ടുകാരുടെയും കൂട്ടുകാരുടെയും പ്രാര്‍ത്ഥനകള്‍ക്ക് നടുവില്‍ സ്വാതികൃഷ്ണ കരള്‍മാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയയായി. ഇന്നലെ വൈകിട്ട് നാലിന് തുടങ്ങിയ ശസ്ത്രക്രിയ പൂര്‍ത്തിയാകാന്‍ ഏകദേശം പന്ത്രണ്ട് മണിക്കൂറാണ് നിശ്ചയിച്ചിരിക്കുന്നത്.

പിറവം ഇടക്കാട്ടുവയല്‍ എം. കെ.എം. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്ളസ് ടൂ വിദ്യാര്‍ത്ഥിനിയായ സ്വാതി ഇടപ്പളളി അമൃത ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയില്‍ കഴിയുകയായിരുന്നു. കരള്‍ പകുത്ത് നല്‍കേണ്ടത് ചെറിയമ്മ ആയതിനാല്‍ നടപടിക്രമങ്ങളുടെ നൂലാമാലകള്‍ കടക്കേണ്ടിവന്നു. സ്വാതിയുടെ കഥ വാര്‍ത്തകളില്‍ നിറഞ്ഞതോടെ സര്‍ക്കാരും അവസരത്തിനൊത്തുയര്‍ന്നു. ശരവേഗത്തില്‍ ചുവപ്പുനാടകള്‍ അഴിഞ്ഞു.
സ്വാതിയുടെ കരള്‍മാറ്റത്തിന് അനുമതി നല്‍കാന്‍ ആലപ്പുഴ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. റംലാബീവി അധ്യക്ഷയായ മെഡിക്കല്‍ ബോര്‍ഡ് ഇന്നലെ രാവിലെ കോട്ടയം മെഡിക്കല്‍ കോളേജില്‍ യോഗം ചേര്‍ന്നു. പത്തരയോടെ അനുമതി നല്‍കി. ആരോഗ്യസെക്രട്ടറിയുടെ അംഗീകാരം ഫോണ്‍വഴി വന്നു. ബോര്‍ഡിന് മുന്നില്‍ കരള്‍ ദാതാവ് നേരിട്ട് ഹാജരാകണമെന്ന നിബന്ധനയുള്ളതിനാല്‍ ചെറിയമ്മ റെനിയും കോട്ടയത്ത് പോകേണ്ടിവന്നു. അതുകൊണ്ട് അവര്‍ മടങ്ങിയെത്തിയശേഷം വൈകിട്ടേ ശസ്ത്രക്രിയ തുടങ്ങാന്‍ കഴിഞ്ഞുള്ളൂ.
അമൃത ആശുപത്രിയിലെ ഗാസ്ട്രോ സര്‍ജറി വിഭാഗം മേധാവിയും ഇന്ത്യയിലെ തന്നെ പ്രമുഖ കരള്‍മാറ്റ ശസ്ത്രക്രിയാ വിദഗ്ദ്ധനുമായ ഡോ. എസ്.സുധീന്ദ്രന്റെ നേതൃത്വത്തിലുള്ള പത്തംഗസംഘമാണ് ശസ്ത്രക്രിയ നടത്തുന്നത്. അഞ്ച് ദിവസമായി അബോധാവസ്ഥയില്‍ കഴിയുന്നതിനാല്‍ സ്വാതിയുടെ ശസ്ത്രക്രിയ അതീവസങ്കീര്‍ണമാണ്.
പിറവത്തെ പ്രതിനിധീകരിക്കുന്ന മന്ത്രി അനൂപ് ജേക്കബും സ്വാതിയുടെ അധ്യാപകരും നാട്ടുകാരും ഉള്‍പ്പടെ നിരവധി പേര്‍ ഇന്നലെ ആശുപത്രിയിലെത്തി. സ്വാതിയുടെ സ്കൂളിലും പിറവത്തെ വിവിധ ആരാധനാലയങ്ങളിലും അവള്‍ക്ക് വേണ്ടി പ്രാര്‍ത്ഥനകളും നടന്നു.

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ പോസ്റ്റ്‌ ചെയ്യുക.

കമന്റുകള്‍

മലയാളം ടൈപ്പിംഗ്

മംഗ്ലീഷില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ടൈപ്പ് ചെയ്ത ശേഷം അവ കോപ്പി ചെയ്ത് കമെന്റ് ബോക്സിലോ മെയില്‍ ബോക്സിലോ നിങ്ങള്‍ ആഗ്രഹിക്കുന്ന സ്ഥലത്ത് പോസ്റ്റ്‌ ചെയ്യുക.

NSS CAMP - Silent Valey National Park

ജനപ്രിയ പോസ്റ്റുകള്‍‌