Sunday, October 3, 2010

ന്യൂഡല്‍ഹി: സൂര്യനസ്‌തമിക്കാത്ത ബ്രിട്ടീഷ്‌ സാമ്രാജ്യത്തിന്റെ സ്‌മരണകളുയര്‍ത്തി 19 ാമത്‌ കോമണ്‍വെല്‍ത്ത്‌ ഗെയിംസിന്‌ ഇന്നു തുടക്കമാകും. ആതിഥേയരുടെ സാംസ്‌കാരിക പൈതൃകത്തിന്റെ തിളക്കം പ്രതിഫലിക്കുന്ന വര്‍ണാഭമായ കലാവിരുന്നിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. പ്രധാന വേദിയായ ജവാഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ വൈകിട്ട്‌ ഏഴിന്‌ ആരംഭിക്കുന്ന ഉദ്‌ഘാടനച്ചടങ്ങിന്‌ ഗെയിംസിന്റെ ഔദ്യോഗിക ഗീതമായ 'ജിയോ ഉഠോ ബഠോ ജീതോ'യുമായി ഓസ്‌കര്‍ ജേതാവ്‌ എ.ആര്‍. റഹ്‌മാന്റെ പ്രകടനം കൂടുതല്‍ മിഴിവേകും.

1951, 1982 ഏഷ്യന്‍ ഗെയിംസുകള്‍ക്കു ശേഷം ഇന്ത്യ ആതിഥ്യമരുളുന്ന രാജ്യാന്തര കായികമാമാങ്കമാണ്‌ ഇത്‌. ഗെയിംസ്‌ വില്ലേജില്‍ ഇന്നലെയെത്തിയ ക്വീന്‍സ്‌ ബാറ്റണ്‍ ഉദ്‌ഘാടനച്ചടങ്ങിനു തൊട്ടുമുമ്പ്‌ സ്‌റ്റേഡിയത്തിലെത്തിക്കും. ക്വീന്‍സ്‌ ബാറ്റണിലെ സ്വര്‍ണത്തകിടില്‍ ആലേഖനം ചെയ്‌ത എലിസബത്ത്‌ രാജ്‌ഞിയുടെ സന്ദേശം ചാള്‍സ്‌ രാജകുമാരന്‍ വായിക്കുന്നതോടെ ഗെയിംസിന്‌ ഔദ്യോഗിക പ്രഖ്യാപനമാകും. രാഷ്‌ട്രപതി പ്രതിഭാ പാട്ടീല്‍ ഗെയിംസ്‌ ആരംഭിക്കാന്‍ അനുമതി നല്‍കും.
ബ്രിട്ടീഷ്‌ കോളനിയായിരുന്ന 71 രാജ്യങ്ങളില്‍നിന്നായി ഏഴായിരത്തോളം കായിക താരങ്ങള്‍ ഗെയിംസിനെത്തിയിട്ടുണ്ട്‌.
മാര്‍ച്ച്‌ പാസ്‌റ്റില്‍ 619 അംഗ ഇന്ത്യന്‍ സംഘത്തിനു മുന്നില്‍ ബീജിങ്‌ ഒളിമ്പിക്‌സിലെ സ്വര്‍ണമെഡല്‍ ജേതാവ്‌ അഭിനവ്‌ ബിന്ദ്ര ദേശീയപതാക വഹിക്കും. ബാറ്റണ്‍ റിലേയുടെ അവസാനപാദം മുന്‍കാല അത്‌ലറ്റുകള്‍ നിര്‍വഹിക്കുകയെന്ന പതിവ്‌ ഇക്കുറി മാറും. ഗെയിംസിന്റെ ബ്രാന്‍ഡ്‌ അംബാസഡര്‍മാരാകും ഈ ദൗത്യം നിര്‍വഹിക്കുക.
നാലു വര്‍ഷം മുന്‍പ്‌ ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ നടന്ന ഗെയിംസില്‍ ഇന്ത്യ നാലാം സ്‌ഥാനത്തായിരുന്നു. ആതിഥേയര്‍ക്കു പിന്നില്‍ ഇംഗ്ലണ്ട്‌, കാനഡ എന്നിവര്‍ രണ്ടും മൂന്നും സ്‌ഥാനങ്ങളിലെത്തി. മെഡല്‍ നിലയില്‍ അഞ്ചു തവണയായി ഒന്നാം സ്‌ഥാനത്തു തുടരുന്ന ഓസ്‌ട്രേലിയ നേട്ടം ആവര്‍ത്തിക്കാനുള്ള പുറപ്പാടിലാണ്‌.
അഭിനവ്‌ ബിന്ദ്ര, സമരേഷ്‌ ജംഗ്‌ തുടങ്ങിയ പ്രമുഖരിറങ്ങുന്ന ഷൂട്ടിംഗ്‌ ഇനങ്ങളിലാണ്‌ ആതിഥേയരുടെ സുവര്‍ണ പ്രതീക്ഷ. അത്‌ലറ്റിക്‌സില്‍ മലയാളി താരങ്ങളായ ടിന്റു ലൂക്ക, മയൂഖ ജോണി, പ്രീജ ശ്രീധരന്‍, എം.എ. പ്രജുഷ, രശ്‌മി ബോസ്‌, ഹംസ ചാത്തോളി, രഞ്‌ജിത്‌ മഹേശ്വരി, ജോസഫ്‌ ഏബ്രഹാം എന്നിവര്‍ ട്രാക്കിലിറങ്ങും. ബാഡ്‌മിന്റണ്‍, ബോക്‌സിംഗ്‌, ടെന്നീസ്‌ മത്സരങ്ങളിലും ഇന്ത്യക്കു മെഡല്‍ സാധ്യതയുണ്ട്‌.

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ പോസ്റ്റ്‌ ചെയ്യുക.

കമന്റുകള്‍

മലയാളം ടൈപ്പിംഗ്

മംഗ്ലീഷില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ടൈപ്പ് ചെയ്ത ശേഷം അവ കോപ്പി ചെയ്ത് കമെന്റ് ബോക്സിലോ മെയില്‍ ബോക്സിലോ നിങ്ങള്‍ ആഗ്രഹിക്കുന്ന സ്ഥലത്ത് പോസ്റ്റ്‌ ചെയ്യുക.

NSS CAMP - Silent Valey National Park

ജനപ്രിയ പോസ്റ്റുകള്‍‌